2012, ജൂലൈ 27, വെള്ളിയാഴ്‌ച

വിചാരണ

ഇന്ന് ജൂലായ്‌ 26, 2012. വിചാരണക്കായി അവനെ കോടതിയില്‍ കൊണ്ടുവരുന്ന ദിവസം. അവനെ നേരിട്ട് ഒന്ന് കാണാന്‍ കുറേ ദിവസങ്ങളായി മനസ്സിലൊരു വെമ്പല്‍. ഇല്ല എനിക്കവനോട് ഒന്നും പറയാനോ ചോദിക്കാനോ ഇല്ല. എങ്കിലും ഈ ദിവസം വരുന്നതും നോക്കി ഇരിക്കുകയായിരുന്നില്ലേ ഞാന്‍.

രാവിലെ തന്നെ ഞാന്‍ കോടതി വളപ്പില്‍ എത്തി. മോള്‍ തനിച്ചേ ഉള്ളൂ വീട്ടില്‍. അവള്‍ക്കു വിശക്കുന്നതിനു മുന്പ് തിരിച്ചെത്തണം. അവളുടെ അച്ഛന്‍  എന്ന് വരും ആവോ. എവിടെയാണെന്ന്  ആര്‍ക്കും അറിയില്ല. അന്ന് ഇറങ്ങി പോയതാണ് വീട്ടില്‍ നിന്നും. പിന്നെ കണ്ടിട്ടില്ല. എനിക്കും അങ്ങനെ എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും ഒളിച്ചോടാന്‍  കഴിഞ്ഞിരുന്നെങ്കില്‍.. 

കോടതി വളപ്പില്‍ ഒരു പൂരത്തിനുള്ള ജനം. പുരുഷന്മാര്‍ ആണ് അധികവും. വളരെ കുറച്ചു സ്ത്രീകള്‍  മാത്രം വരാന്തയില്‍  നില്പുണ്ട് . വന്നിരിക്കുന്നവരില്‍  അധികം പേരും അവനെ കാണാന്‍ വന്നതാണ്. ഈ തിരക്കിനിടയില്‍ എങ്ങനെ ഞാന്‍ അടുത്ത് നിന്നൊന്നു കാണും? അവനെ കാണാതെ ഇന്നെന്തായാലും തിരിച്ചു പോവില്ല. കാണണം, കണ്ടേ പറ്റൂ.

മോള്‍ക്ക്‌ നാല് വയസ്സായി. അടുത്ത വര്‍ഷം സ്ക്കൂളില്‍ അയക്കണം. അവള്‍ക്കു പഠിക്കാന്‍ വലിയ ഇഷടമാണ് . അവളുടെ നിഷ്കളങ്കമായ ചിരി മനസ്സില്‍ തെളിഞ്ഞു വരുന്നു. അവളെ ജീവനായിരുന്നു അവളുടെ അച്ഛന്.  കൂലി പണി കഴിഞ്ഞു വീട്ടില്‍  എത്തുന്ന വരെ അവള്‍  ഇളയമ്മയുടെ കൂടെ ആണ്  നില്‍ക്കുക. ഞാന്‍ എത്തി കഴിഞ്ഞാല്‍ പിന്നെ എന്റെ അടുത്തുനിന്നു മാറില്ല. ഇന്നെന്തോ ആരും ഇല്ലാഞ്ഞിട്ടും ഞാന്‍ പണിക്കു പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ കരഞ്ഞില്ല. അവള്‍ക്ക് മനസ്സിലായി കാണുമോ ഞാന്‍ അവനെ കാണാന്‍ പോവുന്നതാനെന്ന് ?

ഒരു ജീപ്പ്   ആള്‍കൂട്ടത്തിലേക്ക്  കയറി വരുന്നു. തിരക്ക് കാരണം വളരെ പതുക്കെ ആണ് വരുന്നത്. അതെ, അത് അവനെ കൊണ്ടുവരുന്നത് തന്നെയാണ്.

ജനം ഇളകി മറിഞ്ഞു. പോലീസുകാര്‍ വട്ടം നിന്ന് ജനത്തെ തള്ളി നീക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ ആള്‍ക്കൂട്ടത്തിലെക്കിറങ്ങി. ഒന്നും ആലോചിച്ചില്ല. ആളുകള്‍ എന്നെ  അത്‌ഭുദത്തോടുകൂടി നോക്കുന്നുണ്ടായിരുന്നു.

ചിലര്‍ എന്നെ കണ്ടപ്പോള്‍ വഴി മാറി തന്നു. മറ്റുള്ളവരെ ഞാന്‍  തട്ടി മാറ്റി. എനിക്ക് അവനെ കാണണം, കണ്ടേ പറ്റൂ.

തിക്കിയും തിരക്കിയും ഒരു വിധത്തില്‍  ഞാന്‍  ജീപ്പിന്റെ അടുത്തെത്തി.  അവനെ പോലീസുകാര്‍ ഇറക്കുന്നെ ഉള്ളൂ. ആളുകളെ വകഞ്ഞു മാറി അവനെ കോടതിയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ് പോലീസുകാര്‍.

ചുറ്റും ആളുകള്‍  ബഹളം വെക്കുന്നു. അവനെ തെറി വിളിക്കുന്നു. ചീത്ത പറയുന്നു.

അവന്റെ മുഖം കറുത്ത തുണിയില്‍ പൊതിഞ്ഞിരുന്നു. അവനു അതൊന്നും കാണാന്‍ കഴിയില്ലെങ്കിലും, കേള്‍ക്കാന്‍  കഴിയുമാരിക്കും..

ചീത്ത പറയലുകള്‍ക്കും തെറി വിളികള്‍ക്കും ഇടയില്‍  പെട്ടന്നൊരു സ്ത്രീയെ കണ്ടത് കൊണ്ടാവാം, പോലീസുകാരന്‍ ഒന്ന് അമ്പരന്നു. അയാള്‍ എന്നെ തള്ളിമാറ്റാന്‍ ശ്രമിച്ചില്ല. അവന്റെ ബന്ധുകളാരെങ്കിലും ആണ് എന്ന്  വിചാരിച്ചോ, അതോ പത്രങ്ങളില്‍ നിന്നും എന്റെ കരയുന്ന മുഖം തിരിച്ചറിഞ്ഞോ? ഏതായാലും എനിക്ക് അവന്റെ അടുതെത്താന്‍ എളുപ്പമായി. മോള്  കാത്തിരുന്നു മുഷിയുന്നതിനു മുന്‍പേ തിരിച്ചെത്തണം. അവള്‍ ഒറ്റക്കല്ലേ ഉള്ളൂ.

അവന്റെ ഇടവും വലവും പോലീസുകാര്‍. കയ്യില്‍ വിലങ്ങ്. മുഖത്ത്  കറുത്ത തുണി.

എന്റെ അരയില്‍ ഒളിപ്പിച്ചിരുന്ന കഠാര എടുത്ത്  സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഒറ്റ കുത്ത്. അവന്റെ നെഞ്ചത്ത് . വേദന കൊണ്ട് പുളഞ്ഞ അവന്‍  നിലത്തു കടന്നു പിടഞ്ഞു. പോലീസുകാര്‍ക്ക് കാര്യം മനസിലാവുന്നതിനു മുന്‍പ് അവന്റെ തലയിലും നെഞ്ചത്തും തുടരെ തുടരെ കുത്തി.

"എന്റെ പിഞ്ചു കുഞ്ഞിനെ നീ.. ദുഷ്ടാ..അവള്‍ എന്ത് തെറ്റു ചെയ്തു?"

കൈകള്‍ രക്തത്തില്‍ കുളിച്ചു.

അന്ന് എന്റെ പിഞ്ചു കുഞ്ഞിന്റെ രക്തത്തില്‍ കുളിച്ചു കിടന്ന ശരീരം..  ഇല്ലാ.. അവള്‍ മരിച്ചിട്ടില്ല.അവള്‍ക്കെന്നെ വിട്ടു ഒറ്റയ്ക്ക് പോകാന്‍ കഴിയുമോ? ഒരിക്കലുമില്ല.

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ഞാന്‍  തരിച്ചു പോയി.

മനസ്സില്‍ നൂറു തവണ വീണ്ടും വീണ്ടും നടത്തിയ കൃത്യം ഇന്ന്  ഭംഗിയായി നിര്‍വഹിച്ചതിന്റെ  ചാരിതാര്‍ത്ഥ്യം.

അവന്‍ മരിച്ചോ?

എന്റെ മോള്‍ക്ക്‌ വിശക്കുന്നുണ്ടാവുമോ?

ആന്നു അവള്‍  അമ്മെ എന്ന്  ഉറക്കെ കരഞ്ഞു കാണില്ലേ.. ! ദൈവമേ..!

വേഗം പോണം വീട്ടില്‍ .  എന്നെ നോക്കി വാതില്‍പ്പടിയില്‍ ഇരിക്കുന്നുണ്ടാവും അവള്‍.
എന്റെ പോന്നു മോള്‍.

                                                        *****


Time heals all wounds but even if it heals, the memories still pop up from time to time.
Fighting with your feelings is the most difficult battle ever.




                                                                     *****

7 അഭിപ്രായങ്ങൾ:

  1. ജീവിതത്തിന്റെ ഒരു നേര്‍ പകര്‍പ്പ്;;; നന്ദി,,

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്നായി എഴുതിയിരിക്കുന്നു,,,, ആശംസകള്‍.
    ഒപ്പം ഓണം,പെരുനാള്‍ ആശംസകളും,,,,,,,,,

    മറുപടിഇല്ലാതാക്കൂ
  3. എന്താണ് ഇത്തരക്കാരെ ചെയ്യേണ്ടത്‌ എന്ന് ഒരു പിടിയും ഇല്ല. ഒന്ന് കഴിഞ്ഞാല്‍ വീണ്ടും ഒന്നോ രണ്ടോ അതിനപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്നു.
    ആകാംക്ഷ നിലനിര്‍ത്തിയ എഴുത്ത്‌ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഇത്തരക്കാര്‍ക്കോക്കെ മരണത്തില്‍ കുറഞ്ഞ യാതൊരു ശിക്ഷയും ഇല്ല.. നന്നായി എഴുതി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം. അവനെ അങ്ങ് തട്ടിയത് നന്നായി.

    അവസാന വരികളില്‍ ആണ് ഒരു അമ്മയുടെ, ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ കുഴഞ്ഞുമറിഞ്ഞ വികാരങ്ങള്‍ കാണുന്നത്. ആ വരികള്‍ വീണ്ടും വീണ്ടും വായിച്ചു.

    നല്ലോരെഴുത്തു.

    ഓണാശംസകള്‍ :-)

    മറുപടിഇല്ലാതാക്കൂ